City Channel

15 NOV 2026

SUNDAY

Kerala

ബോളിവുഡ് താരങ്ങള്‍ സഞ്ചരിക്കുന്ന വഴികളുടെ ചിത്രങ്ങള്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന് കൈമാറി; ഗുരുമൂര്‍ത്തിയുമായി തെളിവെടുപ്പ് തുടങ്ങി

CITY NEWS DESK | 15 hours ago | 5 min read

ബോളിവുഡ് താരങ്ങള്‍ സഞ്ചരിക്കുന്ന വഴികളുടെ ചിത്രങ്ങള്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന് കൈമാറി; ഗുരുമൂര്‍ത്തിയുമായി തെളിവെടുപ്പ് തുടങ്ങി

ഒറ്റപ്പാലത്തു നിന്ന് അറസ്റ്റിലായ ഗുരുമൂര്‍ത്തിക്ക് ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ആണ് തൃശൂര്‍ എസിപി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ശേഖരിക്കുന്നത്. തിരുനെല്‍വേലി സ്വദേശിയായ ഗുരുമൂര്‍ത്തി ദീര്‍ഘകാലം മുംബൈയില്‍ ആയിരുന്നു. ഹോട്ടല്‍ തൊഴിലാളിയായി കഴിഞ്ഞു വരവേയാണ് വിഷ്ണു സംഘവുമായി ഗുരുമൂര്‍ത്തി ബന്ധം വയ്ക്കുന്നത്. ബോളിവുഡ് താരങ്ങള്‍ അടക്കം സഞ്ചരിക്കുന്ന വഴികളുടെ ചിത്രങ്ങള്‍ എടുത്തു നല്‍കാനാണ് വിഷ്ണു സംഘം ഗുരുമൂര്‍ത്തിയെ ഉപയോഗിച്ചത്. പ്രതിഫലമായി ഡോളര്‍ ആയിരുന്നു ഇയാള്‍ക്ക് നല്‍കിയത്. ഈ ഡോളര്‍ ഭാര്യയുടെ അക്കൗണ്ടിലേക്കാണ് ഗുരുമൂര്‍ത്തി മാറ്റിയിരുന്നത്. ചിത്രങ്ങള്‍ എടുത്ത ഫോണ്‍ ഉദുമല്‍പേട്ടയിലെ ഭാര്യവീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പണം ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റി എന്ന വിവരം ബാങ്ക് രേഖകള്‍ പരിശോധിച്ചതില്‍ നിന്നും പോലീസിന് വ്യക്തമായി. ഗുരുമൂര്‍ത്തിയുടെ കൂടുതല്‍ ബന്ധങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സിറ്റി എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗുരുമൂര്‍ത്തിയെ നിരീക്ഷിച്ചു വന്നത്. നാല് മാസമായി ഒറ്റപ്പാലത്തെ പാല്‍ക്കടയില്‍ ജോലിക്കാരന്‍ ആയിരുന്നു ഗുരുമൂര്‍ത്തി. ഒറ്റപ്പാലത്തെ കടയില്‍ നിന്നാണ് ഗുരുമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വിയൂര്‍ അതീവ സുരക്ഷാ ജയിലില്‍ റിമാന്‍ഡ് ചെയ്ത ഗുരുമൂര്‍ത്തിയെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിട്ടത്. ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ട് എന്നതിനാല്‍ കസ്റ്റഡി കാലാവധി അന്വേഷണസംഘം നീട്ടി ചോദിച്ചേക്കും. ദേശീയ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ