ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്ത് അതിശക്തമായ സമരങ്ങള്‍ഉയര്‍ന്നു വരണം-സത്യന്‍മോകേരി
CITY NEWS DESK -VIDHULA | 13 hours ago | 5 min read

കാഞ്ഞങ്ങാട്: ജനാധിപത്യവും മതനിരപേക്ഷതയും തല്ലികെടുത്തി ജനവിരുദ്ധ നയങ്ങള്‍ പിന്തുടരുന്ന നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ അതിശക്തമായ ജനകീയ സമരങ്ങള്‍ ഉയര്‍ന്നു വരണമെന്ന് സി പി ഐ സംസ്ഥാന അസി.സെക്രട്ടറി സത്യന്‍മോകേരി പറഞ്ഞു. രാജ്യത്തെ നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ജനകീയ പോരാട്ടങ്ങള്‍ക്ക് മുമ്പില്‍ മുട്ടു മടക്കുമെന്ന് കര്‍ഷക സമരവും വിദ്യാര്‍ത്ഥിസമരവും തെളിയിച്ച് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് നടന്ന എം നാരായണന്‍ മുന്‍ എംഎല്‍എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി പിഐ ശക്തമായ പ്രക്ഷോഭത്തിലേക്ക് പോവുകയാണ്. അതുകൊണ്ടാണ് മാറ്റം അനിവാര്യമെന്ന മുദ്രവാക്യം ഉയര്‍ത്തി രാജ്യത്താകെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും സെപ്തംബര്‍ ഒന്നിന് കൃഷിക്കാരും തൊഴിലാളികളും സ്ത്രീകളും യുവാക്കളും വിദ്യാര്‍ത്ഥികളും ബുദ്ധിജീവികളും എല്ലാം ഉള്‍പ്പെടെ ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ഒത്തുചേരുന്നത്. ഇതിനുള്ള വിപുലമായ ഒരുക്കളാണ് രാജ്യത്താകെ നടന്നു വരുന്നത്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരുടെ പ്രയാസങ്ങളും ദുഖങ്ങളും തിരിച്ചറിഞ്ഞ് അവരോടൊപ്പം ജീവിച്ച ഒരു നേതാവാണ് സഖാവ് എം നാരായണനെന്നും നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ നിയമസഭയില്‍ സന്ദര്‍ഭം കിട്ടുമ്പോഴെല്ലാം അവര്‍ക്ക് വേണ്ടി ശബ്ദിച്ച ജനപ്രതിനിധികൂടിയാണ് അദ്ദേഹമെന്നും എം നാരായണന്‍ മുന്‍ എംഎല്‍എയെ അനുസ്മരിച്ച് അദ്ദേഹം പറഞ്ഞു. അനുസ്മരണ സമ്മേളനത്തില്‍ സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി സി പി ബാബു അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ അസി.സെക്രട്ടറിമാരായ വി രാജന്‍, എം അസിനാര്‍, ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ കെ വി കൃഷ്ണന്‍, എം കുമാരന്‍ മുന്‍ എംഎല്‍എ, പി വിജയകുമാര്‍, എന്നിവര്‍ സംസാരിച്ചു. സിപിഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kerala
