കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരന്‍ അന്തരിച്ചു
CITY NEWS DESK -ANANYA | 39 min ago | 4 min read

സിപിഐഎം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമരക്കാരനുമായിരുന്ന ഡോക്ടര്‍ എം പി പരമേശ്വരന്‍ അന്തരിച്ചു. 92 വയസായിരുന്നു. തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം. ജനകീയാസൂത്രണം, സാക്ഷരതാ പ്രസ്ഥാനം എന്നിവയുടെ പ്രധാന ആസൂത്രകനായിരുന്നു. നാലാംലോക വാദവുമായി ബന്ധപ്പെട്ട വിവാദത്തില്‍ 2004 ല്‍ CPIM-ല്‍ നിന്ന് പുറത്താക്കിയിരുന്നു. തൃശൂര്‍ ജില്ലയിലെ കിരാലൂര്‍ ഗ്രാമത്തില്‍ 1935 ജനുവരി 18നാണ് എം പി പരമേശ്വരന്റെ ജനനം. തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം റഷ്യയില്‍ മോസ്‌കോ പവര്‍ ഇന്‍സ്റ്റിറ്റിയൂറ്റില്‍നിന്ന് ന്യൂക്ലിയര്‍ എന്‍ജിനീയറിങില്‍ പിഎച്ച്ഡി നേടി. 1957 മുതല്‍ 1975 വരെ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ശാസ്ത്രജ്ഞനായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് ജോലി രാജിവെച്ചു. പരമേശ്വരന്‍ അവതരിപ്പിച്ച നാലാംലോക സിദ്ധാന്തം സി.പി.എമ്മിലും കേരളത്തിലെ ഇടതുപക്ഷത്തിനിടയിലും ഒരുകാലത്ത് വലിയ സൈദ്ധാന്തിക ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരുന്നു. തുടര്‍ന്ന് 2004-ല്‍ അദ്ദേഹത്തെ സിപിഎം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയായിരുന്നു. കര്‍മ്മമണ്ഡലത്തില്‍ സജീവമായിരുന്ന എം പി പരമേശ്വരന്‍ വൈജ്ഞാനിക സാഹിത്യമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ശാസ്ത്രപ്രചാരകരുടെ ദേശീയ സംഘടനയായ ഓള്‍ ഇന്ത്യ പീപ്പിള്‍ സയന്‍സ് നെറ്റ്‌വര്‍ക്കിന്റെയും സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. ദേശീയ തലത്തില്‍ സാക്ഷരതാ പ്രസ്ഥാനം വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. എകെജിയുടെ ജീവിതത്തെ ആസ്പദമാക്കി ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയില്‍ ഇഎംഎസിന്റെ കഥാപാത്രമായും എം പി പരമേശ്വരന്‍ അഭിനയിച്ചു. ശാസ്ത്രത്തെ കേവലം സാങ്കേതിക അറിവായി കാണാതെ സമൂഹത്തിന്റെ പുരോഗതിക്കും മനുഷ്യവിമോചനത്തിനുമുള്ള ഉപാധിയായി അവതരിപ്പിക്കണമെന്ന നിലപാടായിരുന്നു എം പി പരമേശ്വരന്റെ ചിന്തകളുടെ പ്രധാന സവിശേഷത. മാര്‍ക്‌സിസ്റ്റ് ആശയങ്ങളെയും ശാസ്ത്രീയ ചിന്തയെയും സാമൂഹിക വികസനത്തെയും അഭിസംബോധന ചെയ്തു കൊണ്ടുള്ള അദ്ദേഹത്തിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും കേരളത്തിലെ പുരോഗമന ബൗദ്ധിക രംഗത്ത് നിരവധിയായ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു.
- എഴുതിയത്
- CITY NEWS DESK -ANANYA
- നഗരം / വിഭാഗം
- Kerala
