വിഴിഞ്ഞം ആഗോള വ്യാപാരത്തിലേക്ക് വാതില്‍ തുറക്കുന്നു; സമ്പൂര്‍ണ്ണ എക്‌സിം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ
CITY DESK - ANANYA | 1 hour ago | 5 min read

തിരുവനന്തപുരം: കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച്, വിഴിഞ്ഞം ആഗോള വ്യാപാരത്തിലേക്ക് വാതില്‍ തുറക്കുന്നു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് സമ്പൂര്‍ണ്ണ എക്‌സിം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ആദ്യ കയറ്റുമതി കണ്ടെയ്നര്‍ ഫ്‌ലാഗ് ഓഫും നാളെ രാവിലെ 10.45ന് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും.ഇതോടൊപ്പം എട്ട് വ്യാവസായിക ക്ലസ്റ്ററുകളും 3 പുതിയ നഗരങ്ങളും ഉള്‍പ്പെടുത്തി 600 കി.മീ തീരപ്രദേശത്തെ 'പോര്‍ട്ട് സിറ്റി'യായി വികസിപ്പിച്ച് കേരളത്തെ ആഗോള മാനുഫാക്ചറിംഗ് ഹബ്ബാക്കി മാറ്റുന്ന 400 കോടിയുടെ 'മിഷന്‍ സമുദ്ര' പദ്ധതിക്കും തുടക്കമാകും. വിഴിഞ്ഞത്തുനിന്ന് യൂറോപ്പ് ഉള്‍പ്പെടെയുള്ള വിദേശ വിപണികളിലേക്ക് നേരിട്ട് ചരക്കുകള്‍ അയയ്ക്കുന്നതോടെ യാത്രാസമയവും ചെലവും കുറയും. ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ക്കും വഴിയൊരുങ്ങും.അതേസമയം, വിഴിഞ്ഞം - നാവായിക്കുളം ഔട്ടര്‍ റിങ് റോഡിന് പാരിസ്ഥിതികാനുമതി ലഭിച്ചു. നാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇനി കേന്ദ്ര കാബിനറ്റ് അനുമതി കൂടി ലഭിച്ചാല്‍ മതിയാകും. ഔട്ടര്‍ റിങ് റോഡ് ട്രാക്കിലേക്ക് എത്തുന്നത് വിഴിഞ്ഞത് നിന്നുള്ള ചരക്ക് നീക്കത്തില്‍ നിര്‍ണ്ണായക കുതിപ്പാകും. ഇത് റോഡിന് ഭൂമി വിട്ട് കൊടുത്തവര്‍ക്ക് നഷ്ട പരിഹാരത്തിനും വഴി തുറക്കുകയാണ്. ഔട്ടര്‍ റിങ് റോഡിനായി ഇതുവരെ 100 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. പതിനൊന്ന് വില്ലേജുകളില്‍ നിന്നാണ് ഭൂമി ഏറ്റെടുത്തിരുന്നത്. ഭൂമി കൊടുത്തവരുടെ ദുരവസ്ഥ എഷ്യാനെറ്റ് ന്യൂസ് പലതവണ പുറത്തു കൊണ്ട് വന്നിരുന്നു.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- Kerala
