കര്‍ണാടകയില്‍ മന്ത്രി ബസവരാജ് രായറെഡ്ഡിയുടെ പ്രസ്താവന വന്‍ വിവാദത്തില്‍; രാജി ആവശ്യം ശക്തമാക്കി ബിജെപി രംഗത്ത്
CITY NEWS DESK-ANANYA | 21 hours ago | 5 min read

ബംഗളൂരു: കര്‍ണാടകയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മന്ത്രിസ്ഥാനത്തുനിന്ന് അദ്ദേഹം രാജിവെക്കണമെന്നും ഹിന്ദു സമൂഹത്തോട് പരസ്യമായി മാപ്പുപറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. മാപ്പുപറയാന്‍ തയാറായില്ലെങ്കില്‍ മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ തയാറാകണമെന്ന് ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കി. അല്ലാത്തപക്ഷം സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. കൊപ്പള ജില്ലയിലെ കുക്നൂരില്‍ നടന്ന സമൂഹവിവാഹ ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി രായറെഡ്ഡി വിവാദ പ്രസ്താവന നടത്തിയത്. ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ മതമാണ് ഇസ്ലാമെന്നും അത് പൂര്‍ണ്ണമായും മാനവികതയില്‍ അധിഷ്ഠിതമാണെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം. താന്‍ സാധാരണയായി ക്ഷേത്രങ്ങളോ മഠങ്ങളോ സന്ദര്‍ശിക്കാറില്ലെന്നും എന്നാല്‍ മക്കയില്‍ പോയി ഹജ്ജ് കര്‍മ്മം ചെയ്യാന്‍ തനിക്ക് ഏറെ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിനെക്കുറിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കപ്പെടുകയാണെന്നും ഖുര്‍ആന്‍ പഠിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും രായറെഡ്ഡി പറഞ്ഞതാണ് വിവാദമായത്. മന്ത്രിയുടെ പരാമര്‍ശം സനാതന ധര്‍മ്മത്തെയും ഹിന്ദു വിശ്വാസങ്ങളെയും അവഹേളിക്കുന്നതാണെന്ന് ബി.ജെ.പി ആരോപിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ നിലപാടാണ് ഇതിലൂടെ പുറത്തുവന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. സംഭവം വിവാദമായതോടെ എല്ലാ മതങ്ങളെയും ആദരിക്കുന്ന വ്യക്തിയാണ് താനെന്നും മറ്റ് മതങ്ങളെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കി മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
- എഴുതിയത്
- CITY NEWS DESK-ANANYA
- നഗരം / വിഭാഗം
- National
