'ഇനി അടുത്ത തലമുറ നയിക്കട്ടെ'; ശ്രീലങ്കന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് ധനഞ്ജയ ഡി സില്‍വ
CITY DESK - ANANYA | 12 hours ago | 5 min read

കൊളംബോ: പുതിയ തലമുറയ്ക്ക് വഴിമാറാനായി ശ്രീലങ്കന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞ് ഓള്‍റൗണ്ടര്‍ ധനഞ്ജയ ഡി സില്‍വ. നായകസ്ഥാനത്ത് നിന്ന് ഉടനടി പടിയിറങ്ങുകയാണെന്ന് വ്യക്തമാക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സെലക്ഷന്‍ കമ്മിറ്റിക്ക് വ്യാഴാഴ്ച 35-കാരനായ ധനഞ്ജയ കത്തയച്ചു.നായകസ്ഥാനം ഒഴിയുന്നുവെങ്കിലും ഒരു കളിക്കാരനായി തുടര്‍ന്നും ടെസ്റ്റ് ടീമില്‍ തെരഞ്ഞെടുപ്പിന് ലഭ്യമായിരിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ക്യാപ്റ്റന്‍ സ്ഥാനമെന്ന വലിയ ഉത്തരവാദിത്തം ഇനി അടുത്ത തലമുറയ്ക്ക് കൈമാറണമെന്നാണ് തന്റെ ആത്മാര്‍ത്ഥമായ ആഗ്രഹമെന്ന് സെലക്ഷന്‍ കമ്മിറ്റിക്കയച്ച കത്തില്‍ ധനഞ്ജയ കുറിച്ചു. 2024 ജനുവരിയില്‍ ദിമുത് കരുണരത്‌നയ്ക്ക് പകരക്കാരനായാണ് ധനഞ്ജയ ഡി സില്‍വ ശ്രീലങ്കന്‍ ടെസ്റ്റ് ടീമിന്റെ അമരത്തെത്തുന്നത്. തുടര്‍ന്ന് 18 ടെസ്റ്റ് മത്സരങ്ങളില്‍ ശ്രീലങ്കയെ നയിച്ച ധനഞ്ജയക്ക് കീഴില്‍ 7 മത്സരങ്ങളില്‍ ടീം ജയിച്ചു.നായകനായുള്ള 18 മത്സരങ്ങളില്‍ നിന്ന് 36.45 ശരാശരിയില്‍ 1,130 റണ്‍സ് നേടിയ ധനഞ്ജയ, ഓഫ് സ്പിന്നര്‍ എന്ന നിലയില്‍ 9 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ശ്രീലങ്കയ്ക്കായി ഇതുവരെ 69 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ധനഞ്ജയ 13 സെഞ്ചുറികള്‍ അടക്കം 4,400-ലധികം റണ്‍സ് നേടി. ടെസ്റ്റ് ക്രിക്കറ്റില്‍ നല്‍കിയ മികച്ച സേവനങ്ങള്‍ക്ക് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സി.ഇ.ഒ ആഷ്ലി ഡി സില്‍വ ധനഞ്ജയക്ക് നന്ദി രേഖപ്പെടുത്തുകയും ഭാവി കരിയറിന് ആശംസകള്‍ നേരുകയും ചെയ്തു.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- Sports
