ഇനി വസ്ത്രങ്ങള്‍ക്കും തീവിലയാകുമോ? ഇന്ത്യന്‍ വസ്ത്രവിപണിയെ അങ്കലാപ്പിലാക്കി ആശങ്ക; വിലകൂടാന്‍ കാരണം പശ്ചിമേഷ്യയിലെ യുദ്ധം
CITY NEWS DESK - ANANYA | 11 hours ago | 5 min read

ഹോര്‍മുസ് കടലിടുക്കിലൂടെ ചീറിപ്പായുന്ന മിസൈലുകള്‍ക്കും നിങ്ങളുടെ അലമാരയിലിരിക്കുന്ന ജാക്കറ്റുകള്‍ക്കും ലെഗ്ഗിങ്സുകള്‍ക്കും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇവ തമ്മില്‍ വലിയ ബന്ധമൊന്നുമില്ലെന്ന് കരുതുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അതെ, ഗള്‍ഫിലെ യുദ്ധം വരും നാളുകളില്‍ വസ്ത്രങ്ങളുടെ വില കുത്തനെ കൂട്ടാന്‍ പോകുകയാണ്. മിക്ക വസ്ത്രങ്ങളും നിര്‍മ്മിച്ചിരിക്കുന്നത് പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ നിന്നാണ് എന്നതുതന്നെയാണ് ഇതിന് കാരണം. പോളിസ്റ്റര്‍, നൈലോണ്‍, സ്പാന്‍ഡെക്സ് തുടങ്ങിയ സിന്തറ്റിക് നാരുകളെല്ലാം പെട്രോളിയം ഉല്‍പന്നങ്ങളാണ്. എണ്ണവില വര്‍ധിക്കുന്നത് പെട്രോള്‍, ഡീസല്‍, വിമാന ടിക്കറ്റ് നിരക്കുകളെ മാത്രമല്ല ബാധിക്കുന്നത്. അത് വസ്ത്രവിപണിയിലും നിശബ്ദമായി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വസ്ത്രവിപണിയിലെ പരിഭ്രാന്തി കോവിഡ് കാലത്തെ പരിഭ്രാന്തിയും മിഡില്‍ ഈസ്റ്റിലെ ആക്രമണ വാര്‍ത്തകള്‍ കേട്ട് വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ ആളുകള്‍ കാണിച്ച തിടുക്കവും നമ്മള്‍ കണ്ടതാണ്. ഇതേ അവസ്ഥയാണ് ഇപ്പോള്‍ വസ്ത്രവിപണിയിലും. അസംസ്‌കൃത വസ്തുക്കളുടെ വിതരണം തടസപ്പെടുമെന്ന ഭയം വസ്ത്ര നിര്‍മ്മാതാക്കള്‍ക്കിടയില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. ഇത് പോളിസ്റ്റര്‍ നൂലുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ചില കമ്പനികള്‍ക്ക് താല്‍ക്കാലികമായി ഗുണം ചെയ്തു. ലോകത്തെ പോളിസ്റ്റര്‍ നൂല്‍ ഉല്‍പ്പാദനത്തിന്റെ 18% കൈകാര്യം ചെയ്യുന്ന തോങ്കുന്‍ ഗ്രൂപ്പിന്റെ ലാഭം ഈ ജൂണ്‍ വരെയുള്ള ആറ് മാസത്തിനുള്ളില്‍ മൂന്നിരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണവില കുറവായിരുന്നപ്പോള്‍ വാങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് കമ്പനി ഇപ്പോള്‍ മികച്ച ലാഭം കൊയ്യുന്നത്.
- എഴുതിയത്
- CITY NEWS DESK - ANANYA
- നഗരം / വിഭാഗം
- National
