നാളെ മുതല്‍ തുടര്‍ച്ചയായി 3 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; രാജ്യവ്യാപക പണിമുടക്കുമായി യുണിയനുകള്‍
CITY DESK - ANANYA | 22 min ago | 3 min read

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം നാളെ (സെപ്റ്റംബര്‍ 11) മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തേക്ക് അടഞ്ഞുകിടക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് പ്രഖ്യാപിച്ച ദേശീയ പണിമുടക്കും തൊട്ടുപിന്നാലെ വരുന്ന രണ്ടാം ശനിയും ഞായറും കാരണമാണ് ബാങ്ക് ശാഖകള്‍ അടഞ്ഞുകിടക്കുക.ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങള്‍ അനുവദിക്കുക, പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി പരിഷ്‌കരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അഖിലേന്ത്യാ തലത്തില്‍ ബാങ്ക് യൂണിയനുകള്‍ ഈ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 11-ലെ പണിമുടക്കിന് ശേഷം, സെപ്റ്റംബര്‍ 12, സെപ്റ്റംബര്‍ 13 എന്നീ ദിവസങ്ങളിലും അവധിയായതിനാല്‍ ബാങ്കുകളുടെ നേരിട്ടുള്ള സേവനങ്ങള്‍ പൂര്‍ണ്ണമായും നിശ്ചലമാകും. വരും ദിവസങ്ങളിലും ബാങ്കിങ് മേഖലയില്‍ വലിയ പ്രതിസന്ധിക്ക് സാധ്യതയുണ്ട്. സെപ്റ്റംബര്‍ 28, 29, 30 തീയതികളില്‍ വീണ്ടും പണിമുടക്കുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ജീവനക്കാര്‍, ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് പ്രവേശിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബാങ്ക് ശാഖകള്‍ വഴി നേരിട്ട് ചെയ്യേണ്ട പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, ചെക്ക് ക്ലിയറന്‍സ്, വായ്പാ നടപടികള്‍, പുതിയ അക്കൗണ്ട് തുറക്കല്‍, കെവൈസി പുതുക്കല്‍ തുടങ്ങിയ പ്രധാന സേവനങ്ങളെല്ലാം ഈ ദിവസങ്ങളില്‍ തടസ്സപ്പെടും. ചെക്ക് ക്ലിയറിങ് പ്രക്രിയകള്‍ പൂര്‍ണ്ണമായും വൈകാന്‍ സാധ്യതയുള്ളതിനാല്‍ വലിയ തുകകളുടെ ഇടപാടുകള്‍ നടത്തേണ്ടവര്‍ മുന്‍കൂട്ടി ക്രമീകരണങ്ങള്‍ ചെയ്യേണ്ടതാണ്.ബാങ്ക് ശാഖകള്‍ അടഞ്ഞുകിടക്കുമെങ്കിലും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി ഡിജിറ്റല്‍ ബാങ്കിങ് സംവിധാനങ്ങളെ ആശ്രയിക്കാവുന്നതാണ്. ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, യുപിഐ വഴിയുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ എന്നിവ സാധാരണ രീതിയില്‍ തടസ്സമില്ലാതെ ലഭ്യമായിരിക്കും. രാജ്യത്തുടനീളമുള്ള എടിഎം സേവനങ്ങള്‍ ലഭ്യമാകുമെങ്കിലും, ബാങ്കുകള്‍ തുടര്‍ച്ചയായി അടഞ്ഞുകിടക്കുന്നതിനാല്‍ ചില പ്രദേശങ്ങളില്‍ എടിഎമ്മുകളില്‍ പണലഭ്യത കുറയാന്‍ സാധ്യതയുണ്ട്. അതിനാല്‍ അത്യാവശ്യത്തിനുള്ള പണം ഉപഭോക്താക്കള്‍ നേരത്തെ തന്നെ പിന്‍വലിച്ചു സൂക്ഷിക്കുന്നത് നന്നായിരിക്കും.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- National
