'ജയിലര്‍ 2'ന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; കേരളത്തില്‍ നാളെ മുതല്‍
CITY DESK - ANANYA | 2 days ago | 5 min read

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍ 2'ന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. വിവിധ ടിക്കറ്റ് ബുക്കിംഗ് ആപ്പുകള്‍ വഴി സിനിമാസ്വാദകര്‍ക്ക് ടിക്കറ്റെടുക്കാവുന്നതാണ്. അതേസമയം, കേരളത്തില്‍ നാളെ 10 മണി മുതല്‍ ആണ് ജയിലര്‍ 2ന്റെ ബുക്കിംഗ് ആരംഭിക്കുക. ഒക്ടോബര്‍ 15ന് ആണ് സിനിമയുടെ റിലീസ്. ജയിലര്‍ 2 കേരളത്തില്‍ പുലര്‍ച്ചെ 6 മണിക്ക് ആദ്യ പ്രദര്‍ശനം ആരംഭിക്കും. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് റെക്കോര്‍ഡ് തുകയ്ക്ക് വിതരണാവകാശം സ്വന്തമാക്കിയ ചിത്രത്തിന് കേരളത്തില്‍ ഓള്‍ ടൈം റെക്കോര്‍ഡ് റിലീസാണ് ഒരുക്കുന്നത്.സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം കര്‍ണാടകയില്‍ വിതരണം ചെയ്യുന്നതും ശ്രീ ഗോകുലം മൂവീസ് ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍. ബ്ലോക്ക്ബസ്റ്റര്‍ വിജയമായ 'ജയിലര്‍'ക്ക് ശേഷം മുത്തുവേല്‍ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് 'ജയിലര്‍ 2' പ്രേക്ഷകരില്‍ ഉണ്ടാക്കിയിരിക്കുന്നത്.ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങള്‍ക്കൊപ്പം പുതിയ താരങ്ങളെയും അണിനിരത്തിയാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ അതിഥി വേഷത്തിലെത്തിയ മോഹന്‍ലാലും ശിവ രാജ്കുമാറും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. ട്രെയ്ലറില്‍ മോഹന്‍ലാലിനെ മാസ് ലുക്കില്‍ അവതരിപ്പിച്ചതും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ചിത്രത്തിന്റെ ആവേശം വര്‍ധിപ്പിച്ചിട്ടുണ്ട്.നേരത്തെ പുറത്തിറങ്ങിയ ട്രെയ്ലര്‍ ആദ്യ ഭാഗത്തേക്കാള്‍ വലിയ കാന്‍വാസിലുള്ള മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും രണ്ടാം ഭാഗമെന്ന സൂചന നല്‍കിയിരുന്നു. സുരാജ് വെഞ്ഞാറമൂട്, എസ്. ജെ. സൂര്യ, വിദ്യ ബാലന്‍, മിഥുന്‍ ചക്രവര്‍ത്തി, യോഗി ബാബു, ഹക്കീം ഷാജഹാന്‍ തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ദിലീപ് എന്ന് പേരുള്ള കഥാപാത്രമായി അതിനിര്‍ണായകമായ വില്ലന്‍ വേഷത്തിലാണ് ചിത്രത്തില്‍ സുരാജ് എത്തുന്നതെന്ന സൂചനയും ട്രെയ്ലര്‍ നല്‍കിയിട്ടുണ്ട്.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- Entertainment
