ആവശ്യങ്ങളില്‍ ചര്‍ച്ച തുടരും; ഉപഭോക്താക്കള്‍ക്ക് ആശ്വാസം, ബാങ്ക് പണിമുടക്കില്‍ ഇനിയെന്ത് സംഭവിക്കും?
CITY DESK - ANANYA | 9 hours ago | 5 min read

ദില്ലി: ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും (IBA) യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സും (UFBU) തമ്മില്‍ ഞായറാഴ്ച രാത്രി വൈകി നടന്ന ചര്‍ച്ചയില്‍ ധാരണയിലെത്തിയതിനെത്തുടര്‍ന്നായിരുന്നു സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മാറ്റിവെച്ചത്. എല്ലാ ശനിയാഴ്ചകളും അവധിയാക്കണമെന്ന (5 ദിവസത്തെ ബാങ്കിങ് ആഴ്ച) യൂണിയനുകളുടെ പ്രധാന ആവശ്യം പരിശോധിക്കാന്‍ ഐബിഎയുടെയും യുഎഫ്ബിയുവിന്റെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഉയര്‍ന്ന തലത്തിലുള്ള സമിതി ഉടനടി രൂപീകരിക്കാന്‍ നിലവില്‍ ധാരണയായിട്ടുണ്ട്.ഇടപാടുകാര്‍ ഉള്‍പ്പെടെയുള്ള എല്ലാവരുമായും ചര്‍ച്ച നടത്തി എല്ലാവര്‍ക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്തുകയാണ് സമിതിയുടെ ലക്ഷ്യം. ആഴ്ചയില്‍ 5 ദിവസത്തെ പ്രവൃത്തിദിനം എന്ന ദീര്‍ഘകാല ആവശ്യം അംഗീകരിക്കപ്പെട്ടുവെന്ന് ഇതിനര്‍ത്ഥമില്ലെങ്കിലും, വിഷയം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സമിതിക്ക് മുന്നിലെത്തിയത് പുരോഗതിയാണെന്ന് യൂണിയനുകള്‍ വ്യക്തമാക്കി. ഇനി നടക്കുന്നത്-ഇത് കൂടാതെ സ്‌കെയില്‍ IV ഉം അതിന് മുകളിലുമുള്ള ഉദ്യോഗസ്ഥരുടെ പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെന്റീവ് (PLI) പദ്ധതിയിലെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ ചര്‍ച്ചകള്‍ പുനരാരംഭിക്കും. 2024 മാര്‍ച്ച് 8-ലെ മിനിറ്റ്‌സില്‍ ചൂണ്ടിക്കാണിച്ച മറ്റ് വിഷയങ്ങളും വേഗത്തില്‍ പരിഹരിക്കാന്‍ ഇരുവിഭാഗവും തമ്മില്‍ ചര്‍ച്ച നടത്തും. പെന്‍ഷന്‍ പരിഷ്‌കരണം, ഡിഎ, എന്‍പിഎസ് മാറ്റങ്ങള്‍, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കല്‍ തുടങ്ങിയ ആവശ്യങ്ങളും ഇതിലുള്‍പ്പെടുന്നു. ഇക്കാര്യങ്ങളിലും അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് യൂണിയനുകളുടെ പ്രതീക്ഷ. പ്രധാന ആവശ്യങ്ങളില്‍ അനുകൂലമായ ചര്‍ച്ചാ അന്തരീക്ഷം രൂപപ്പെട്ട പശ്ചാത്തലത്തിലാണ് സമരം താത്കാലികമായി മാറ്റിവെക്കുന്നതെന്ന് ഒമ്പത് ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുഎഫ്ബിയു സര്‍ക്കുലറിലൂടെ അറിയിച്ചു. പണിമുടക്ക് മാറ്റി വെച്ചതോടെ ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- National
