പെരിയ ഡോക്ടര്‍ അംബേദ്കര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 'ജീവനി- ഹരിതായൂര്‍ പദ്ധതി' ഭാഗമായി ഔഷധ സസ്യങ്ങള്‍ വച്ചു പിടിപ്പിച്ചു
CITY NEWS DESK-ANANYA | 36 min ago | 4 min read

പെരിയ : ഡോക്ടര്‍ അംബേദ്കര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ജീവനി ഹരിതായൂര്‍ പദ്ധതിയുടെ ഭാഗമായി ഔഷധ സസ്യങ്ങള്‍ വച്ചുപിടിപ്പിച്ചു. ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുന്നതിനും അവയുടെ ഗുണഫലങ്ങളെ കുറിച്ചും പ്രസക്തിയെ കുറിച്ചും നട്ടു വളര്‍ത്തേണ്ട ആവശ്യകതയെ കുറിച്ചും ഉത്‌ബോധിപ്പിച്ചുകൊണ്ടാണ് 'ജീവനി ഹരിതായൂര്‍ പദ്ധതി'ക്ക് തുടക്കമായത്.കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് ജീവനി ഹരിതായുര്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞനുമായ പി. വി. ദിവാകരന്‍ കടിഞ്ഞിമൂല നിര്‍വഹിച്ചു. എണ്ണ പകര്‍ന്ന നിലവിളക്കില്‍ തുണി കൊണ്ടുള്ള തിരിക്ക് പകരം പച്ചില ഉപയോഗിച്ച് തിരിയാക്കി അത് കത്തിച്ചാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചത്. ഇത് സദസ്സിലും വേദിയിലും ഒരുപോലെ അത്ഭുതമുളവാക്കി. തുടര്‍ന്ന് നടന്ന ഉദ്ഘാടന പ്രസംഗത്തില്‍ ഔഷധ സസ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചും പൊതു തലമുറകളിലേക്ക് പകര്‍ന്നുനല്‍കി. അംബേദ്കര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ജയചന്ദ്രന്‍ കീഴോത്ത് അധ്യക്ഷത വഹിച്ചു. ഉദ്ഘാടകനായ പി. വി. ദിവാകരന്‍ കടിഞ്ഞിമൂലയെ അദ്ദേഹത്തിന്റെ പരിസ്ഥിതി മേഖലയിലെ മൂല്യമേറിയ സംഭാവനകളെ മാനിച്ച് കോളേജിന്റെ നേതൃത്വത്തില്‍ ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ എ. വിപുലാ റാണി പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി. സുനില്‍കുമാര്‍, കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ കെ. വി.സാവിത്രി,പരിസ്ഥിതി പ്രവര്‍ത്തകനും വിഷ വൈദ്യനും പാരമ്പര്യ ആയുര്‍വേദ ചികിത്സകനുമായ ബാലന്‍ കുന്നുമ്മല്‍,നാച്ചുറല്‍ ക്ലബ്ബ് കോഡിനേറ്റര്‍ സി. ഷിജിത്ത് എന്നിവര്‍ സംസാരിച്ചു. കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ. പ്രവീണ്‍കുമാര്‍ സ്വാഗതവും ഇക്കോ ക്ലബ് കോഡിനേറ്റര്‍ എ.കെ. ചന്ദ്രമതി നന്ദിയും പറഞ്ഞു. തുടര്‍ന്ന് പി. വി. ദിവാകരന്‍ കടിഞ്ഞിമൂല ഔഷധ സസ്യങ്ങളെ കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്കും പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും ക്ലാസ് എടുത്ത് അറിവ് പകര്‍ന്ന് നല്‍കി.
- എഴുതിയത്
- CITY NEWS DESK-ANANYA
- നഗരം / വിഭാഗം
- Kasaragod
