മരങ്ങള്‍ക്കും അവകാശങ്ങള്‍; പുതിയ പരിസ്ഥിതി മാതൃക മുന്നോട്ട് വച്ച് കനേഡിയന്‍ മുനിസിപ്പാലിറ്റി
CITY DESK - ANANYA | 20 hours ago | 5 min read

ഭൂമിയുടെ അവകാശികളാര് എന്ന ചോദ്യം വളരെ പണ്ടുകാലം മുതല്‍ തന്നെ മനുഷ്യന്‍ ഉയര്‍ത്തിയിരുന്നു. പലപ്പോഴും ഈ ചോദ്യം മനുഷ്യനെന്ന ഒരു ഉത്തരത്തിലായിരുന്നു പലരും അവസാനിപ്പിച്ചത്. എന്നാല്‍ മനുഷ്യന്‍ മാത്രമല്ല, മനുഷ്യനുള്ള അവകാശത്തിനൊപ്പം മറ്റ് എല്ലാ ജീവജാലങ്ങള്‍ക്കും ഈ ഭൂമിയില്‍ അവകാശമുണ്ടെന്ന ശക്തമായ വാദവും ശക്തമായി ഉയര്‍ന്നിരുന്നു. ഒടുവില്‍, അക്കാര്യത്തില്‍ പുതിയൊരു നീക്കവുമായി കാനഡയിലെ ഒരു മുനിസിപ്പാലിറ്റി രംഗത്തെത്തിയിരിക്കുന്നു. മരങ്ങളെ വെറും പ്രകൃതി വിഭവങ്ങളായി കാണാതെ, ജീവിക്കുന്ന സത്തകളായും സംരക്ഷിക്കപ്പെടേണ്ടവയായും അംഗീകരിച്ച് കാനഡയിലെ ക്യൂബെക്കിലുള്ള ടെറാസ്-വോഡ്രെയ് (Terrasse-Vaudreuil) മുനിസിപ്പാലിറ്റിയാണ് പുതിയ ചുവടുവെപ്പ് നടത്തിയത്. ജൂണ്‍ 9 -ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍, മരങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ അംഗീകരിക്കുന്ന പ്രമേയം ടെറാസ്-വോഡ്രെയ് മുനിസിപ്പാലിറ്റി ഏകകണ്‌ഠേന പാസാക്കി. ഇതോടെ Universal Declaration of Tree Rights ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യ മുനിസിപ്പാലിറ്റിയായി ടെറാസ്-വോഡ്രെയ് മാറി. മരങ്ങളോടുള്ള ഉത്തരവാദിത്വം പരിസ്ഥിതി വക്താവും ക്യൂബെക്കിലെ വൃക്ഷങ്ങളുടെ അവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനത്തിനായി വാദിച്ച ലാ കോംപാഗ്‌നി ഡെസ് പാപ്പിലോണ്‍സ് ബ്ലൂസിന്റെ സ്ഥാപകനുമായ റിക്കാര്‍ഡോ റേ എഴുതിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍, മരങ്ങള്‍ക്ക് ജീവിക്കാനും വളരാനും അവയുടെ അഖണ്ഡത നിലനിര്‍ത്താനും പുനരുജ്ജീവിക്കാനുമുള്ള അവകാശങ്ങളുണ്ടെന്ന് പ്രമേയം വ്യക്തമാക്കുന്നു. ഭൂമിയിലെ ജീവന്റെ നിലനില്‍പ്പ് മരങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, മനുഷ്യര്‍ മരങ്ങളോട് ഉത്തരവാദിത്വത്തോടെയും ഐക്യദാര്‍ഢ്യത്തോടെയും പെരുമാറണമെന്ന് ഈ പ്രഖ്യാപനം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഈ പ്രമേയം മരങ്ങള്‍ക്ക് മനുഷ്യരെപ്പോലെ നിയമപരമായ വ്യക്തിത്വം നല്‍കുന്നില്ല. കോടതിയില്‍ സ്വതന്ത്രമായി അവകാശവാദം ഉന്നയിക്കാനുള്ള നിയമപരമായ അധികാരവും ഇതിലൂടെ ലഭിക്കില്ല. പകരം, മരങ്ങളോടുള്ള മനുഷ്യ സമൂഹത്തിന്റെയും പൊതുസ്ഥാപനങ്ങളുടെയും ഉത്തരവാദിത്വം നിര്‍വചിക്കുന്ന നൈതിക, ശാസ്ത്രീയ, സാംസ്‌കാരിക, വിദ്യാഭ്യാസ ചട്ടക്കൂടായാണ് പ്രഖ്യാപനം വിഭാവനം ചെയ്തിരിക്കുന്നത്.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- National
