രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു; വിലക്കയറ്റം തടയാന്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം
CITY DESK - ANANYA | 1 hour ago | 5 min read

ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഇത് തടയാനായി പഞ്ചസാരയുടെ ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കാനോ അല്ലെങ്കില്‍ ഗണ്യമായി വെട്ടിക്കുറയ്ക്കാനോ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര ഉത്പാദകരായ ഇന്ത്യയുടെ ഈ നീക്കം ആഭ്യന്തര വിപണിയിലെ ലഭ്യത വര്‍ദ്ധിപ്പിക്കാനും വില പിടിച്ചുനിര്‍ത്താനും ലക്ഷ്യമിട്ടുള്ളതാണ്. 100 ശതമാനം നികുതി ഒഴിവാക്കിയേക്കും നിലവില്‍ പഞ്ചസാര ഇറക്കുമതിക്ക് 100 ശതമാനമാണ് നികുതി. ഇത് നീക്കം ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഓഗസ്റ്റ് അവസാനം മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ മധുരപലഹാരങ്ങള്‍, പാനീയങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയ്ക്കായി പഞ്ചസാരയുടെ ആവശ്യകത കുത്തനെ കൂടാറുണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് വില നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം. എന്നാല്‍, ഭക്ഷ്യ-വാണിജ്യ മന്ത്രാലയങ്ങള്‍ ഇതിനോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വില കിലോയ്ക്ക് 46 രൂപ ! ഇന്ത്യന്‍ ഷുഗര്‍ ആന്‍ഡ് ബയോ എനര്‍ജി മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയിലെ മില്ലുകളില്‍ പഞ്ചസാരയുടെ വില അടുത്തിടെ കിലോയ്ക്ക് 46 രൂപയില്‍ എത്തിയിരുന്നു. ഇത് സര്‍വകാല റെക്കോര്‍ഡാണ്. വിപണിയിലെ പൂഴ്ത്തിവെപ്പ് തടയാനും വിലക്കയറ്റ ഭീഷണി നേരിടാനുമായി വ്യാപാരികള്‍ക്ക് പഞ്ചസാര സംഭരിച്ചു വെക്കുന്നതില്‍ സര്‍ക്കാര്‍ അടുത്തിടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- National
