ആറ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഒറ്റ വിസ; ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് അധികൃതര്‍
CITY DESK - ANANYA | 4 hours ago | 5 min read

റിയാദ്: വിദേശ വിനോദസഞ്ചാരികള്‍ക്ക് ആറ് ഗള്‍ഫ് രാജ്യങ്ങളിലും തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാന്‍ അവസരമൊരുക്കുന്ന ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി അറിയിച്ചു. യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നീ ആറ് ഗള്‍ഫ് രാജ്യങ്ങളിലേക്കും ഒറ്റ വിസയില്‍ പ്രവേശനം സാധ്യമാക്കുന്നതാണ് ഈ പദ്ധതി. പദ്ധതി നടപ്പിലാക്കുന്ന തീയതി, വിസ നിരക്കുകള്‍, കാലാവധി, അപേക്ഷാ രീതി എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ ആഭ്യന്തര മന്ത്രാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക ഏജന്‍സികള്‍ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ഒക്ടോബറില്‍ ജിസിസി ടൂറിസം മന്ത്രിമാരും തൊട്ടടുത്ത മാസം ആഭ്യന്തര മന്ത്രിമാരും ഈ ഏകീകൃത വിസ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.ജിസിസി പൗരന്മാര്‍ക്ക് യാത്ര കൂടുതല്‍ വേഗത്തിലാക്കാന്‍ യുഎഇയും ബഹ്റൈനും സംയുക്തമായി ആരംഭിച്ച 'വണ്‍-പോയിന്റ് എയര്‍ ട്രാവല്‍' പദ്ധതി വിജയകരമായി മുന്നേറുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈനില്‍ പാസ്പോര്‍ട്ട് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ അബുദാബി, ദുബായ് ഉള്‍പ്പെടെയുള്ള യുഎഇ വിമാനത്താവളങ്ങളില്‍ എത്തുമ്പോള്‍ വീണ്ടും ഇമിഗ്രേഷന്‍ ചെക്കിംഗിനായി കാത്തുനില്‍ക്കേണ്ടതില്ല. ബയോമെട്രിക്, ഇഗേറ്റ്‌സ് എന്നിവ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- National
